Thursday, July 22, 2010

"പടിയിറങ്ങിയ പ്രണയം "



പടിയിറങ്ങിയ പ്രണയം
നിന്‍റെ വാക്കുകളില്‍ നിന്നും
പ്രണയം
പടിയിറങ്ങി പോയിരിക്കുന്നു

നിലാവിനെ സ്നേഹിച്ച നീ
നക്ഷത്രങ്ങളെ
കണ്ടില്ലെന്നു നടിച്ചു

നിന്‍റെ വികലമായ
ചിന്തകളുടെ മച്ചകത്ത്‌
എട്ടു കാലികള്‍ക്കൊപ്പം
വല വിരിച്ചു കാത്തിരുന്നത്
ആരെയാണ് നീ

നിന്‍റെ ദന്ത ക്ഷതങ്ങലെറ്റ്
പിളര്‍ന്നു കരിവാളിച്ച അധരങ്ങള്‍
നിനക്കായി ചൊരിഞ്ഞത്
ശാപ വചനങ്ങളല്ല

ആ മാറില്‍ തല ചയ്ച്ചുറങ്ങാനും
ആ കൈ വിരലുകളുടെ
തലോടലില്‍ അലിഞ്ഞു
ഉണരാനും കൊതിച്ചവള്‍ ഞാന്‍

ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല
എന്നറിയാമെങ്കിലും
നിനക്കായി കാത്തിരിക്കുന്നു

കാത്തിരിപ്പിന്റെ
നിര്‍വൃതി
അത് നിനക്കറിയില്ലല്ലോ

അടി വയറ്റില്‍
ഇളക്കം വച്ച് തുടങ്ങിയ
നീ വിതച്ച വിഷ വിത്ത്

ഉറക്കം കെടുത്തുവോളം
എനിക്ക് നിന്നെ
കാത്തിരിക്കാതെ വയ്യ

ഇനിയുമൊരു പുലരി വിടരുമോ ?


പുഴ കൊണ്ട് പോയ പുരയും
മാനം കവര്‍ന്ന കരയും
തിരികെ തന്നത്..

ദിനരാത്രങ്ങളുടെ കുളിരുന്ന
നിഗൂഡതയിലെപ്പോഴോ
ഇഴഞ്ഞെത്തിയ ഒരപഥ
സഞ്ചാരിയുടെ വിഷപ്പല്ലുകള്‍
ഉദരത്തില്‍ തുപ്പിയ
ഈ വിശുദ്ധവിഗ്രഹം മാത്രം,

അവശേഷിക്കുന്ന വിശപ്പടക്കാന്‍
നീട്ടിയ കുമ്പിളില്‍ ചൊരിയുന്ന
ഈ നാണയങ്ങള്‍ക്കാകുമോ ..

അരികുടഞ്ഞ ഈ പുഞ്ചിരിക്കും
അഴകുവറ്റിയ ശരീരത്തിനും
മുതുകിലേറ്റിയ ഭണ്ടത്തിനും
വിരല്‍തുമ്പില്‍ ഒതുക്കിയോരെന്‍-
ജീവസ്പന്ദനത്തിനും
സാന്ത്വനത്തിന്റെ
സൌഭാഗ്യങ്ങള്‍ ചൊരിയാന്‍
ഇനിയുമൊരു പുലരി വിടരുമോ ?

"ലോകമേ തറവാട് "


ശവംതീനി കഴുകന്മാര്‍ക്ക്
വിഹരിക്കാന്‍
മനസ്സിന്റെ മച്ചകം
തുറന്നു കൊടുത്ത
ആഥിതേയന്റെ വിധേയത്വം

സഹോദരന് മുന്‍പില്‍
വലിച്ചു കെട്ടിയ
മുള്ള് വേലികളില്‍
ജാതിപ്പിശാചിന്റെ
കൂര്‍ത്തു തുരുമ്പിച്ച
കണ്ണുകള്‍ കുറുകുന്നു

മനസ്സുണര്‍ത്തുന്ന
മൗനസങ്കീരത്തനങ്ങളില്‍
ഹൃദയമുരുക്കിയോഴുക്കിയ
കണ്ണീര്‍ പുഴകളില്‍
സ്വപ്നസായൂജ്യങ്ങള്‍ക്ക് മേല്‍
നിമിഷാര്തങ്ങള്‍ചൊരിഞ്ഞ
മാരിയുടെ കുളിരില്‍
ഇവിടെയെല്ലാമുയരുന്നത്
നിന്റെ ഗദ്ഗതം മാത്രം

വിയര്‍പ്പിന്റെ
വിളനിലങ്ങളില്‍
പുഷ്പ്പിച്ചത്
മൂന്നുനിറമുള്ള പൂക്കള്‍

സഹനത്തിന്റെ സീമകളില്‍
ഞാന്‍ ദാനമായര്‍പ്പിച്ചത്
ഭൂമികന്യയുടെ
പച്ചപ്പുകള്‍

നമുക്കിടയില്‍
കാലമുയര്‍ത്തിയത്
ഈ ദ്രവിച്ച മുള്ളുവേലിയും
ഒരിക്കലും ഒടുങ്ങാത്ത
മൌനവും

നിദ്രയുടെ അവസാന യാമവും
കടന്നു നീ മടങ്ങി വരുക
ദുരയും കൊതിയും
വലിച്ചു കെട്ടിയ
ഈ അതിരുകള്‍
നമുക്ക് പറിച്ചെറിയാം

"ലോകമേ തറവാടെന്നുറക്കെ" പാടാം

'നിഴലുകള്‍'


ഈ ഊട് വഴികളില്‍
ഇടറി വീണൊരെന്‍
ഓര്‍മചെപ്പു തുറന്നെന്‍റെ
മനസ്സിലൊരു മയില്‍
മദാലസ നടനമാടുന്നു....

പുഞ്ചിരിയില്‍
മഴവില്ല് വിടര്ത്തിയൊരു
ബാല്യം.....
ഇവിടെ പിച്ച നടക്കുന്നു

പ്രണയത്തിന്‍റെ
ആദ്യചുംബനമേറ്റു
പിടഞ്ഞ മിഴികളും
തുടിച്ച ഹൃദയവും
ഇവിടെ
മധുരം നുണയുന്നു

ഇവിടെ
ഉരുളന്‍ കല്ലുകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന
രാജവെമ്പാലയുടെ
കൂര്‍ത്ത വിഷപല്ലുകലെന്‍
പ്രാണന്‍
അപഹരിചെങ്കില്‍...

ഈ തൊടിയിലെ മണല്‍പുറ്റില്‍
ഈപച്ചപ്പുകള്‍ക്ക്
വളമായ്..........
ലയിച്ചു ചേരാമായിരുന്നു

സ്മൃതിയായ് മറയട്ടെ.....


നിശയുടെ മാറില്‍ കത്തിച്ചുവന്നു
കരിക്കട്ടയായ് പൊഴിയുമീ
സന്ധ്യയല്ല നീ എനിക്കോമനെ

എന്‍റെ പ്രാണനില്‍
ഒരായിരം
വസന്തങ്ങളായി വിരിഞ്ഞു
സുഗന്ധമേകിയ പ്രഭാത കിരണങ്ങളുടെ
നൈര്‍മല്യമാണ് നീ

ഒരു വിഷാദത്തിന്‍റെ
നിഴല്‍ പുതപ്പിനുള്ളില്‍
ഒരു പകല്‍ കൂടി മറയുമ്പോള്‍
നിന്‍റെ കവിളിണകളില്‍ പടരുമീ
ശോണിമചുരത്തുന്ന
നിര്‍വൃതിയില്‍ അലിഞ്ഞു
ഞാനൊരു സ്മൃതിയായ് മറയട്ടെ.....

ഇനിയെന്ന് കാണുമെന്‍ പ്രിയനേ..?


ആ മൃദു ഹാസമെന്‍ സ്മരണകളില്‍
നിറ സന്ധ്യാദീപമായ്‌ ജ്വലിച്ചു നില്‍ക്കെ
അറിയാതെ മോഹിച്ചു ഞാനാ നല്ല നാളുകള്‍
ഇനിയെന്ന് കാണുമെന്‍ പ്രിയനേ
ഞാനാ സ്മ്രിതികളില്‍ ഉറങ്ങട്ടെ .....

നാളത്തെ പുലരിയെന്‍ മനതാരിലൊരു
മഴവില്ലായ്‌ പോഴിയവേ ...
ഗതകാല സ്വപ്നങ്ങളില്‍
ഞാനൊരു കണ്ണീര്‍ കനവായ്‌ നിറയവേ

ഇനി വരില്ല നീ അറിയുന്നു ഞാന്‍,..
നിന്നാക്കായ്‌തീര്‍ത്ത ബലിത്തറയില്‍
നിനക്കോരുരുള ചോറ് വിളമ്പി
ഞാനുമീ മൌനത്തിലലിയട്ടെ...